പുനർജീവനം… വിജയകരമായ മൂന്നാം ഘട്ടത്തിലേക്ക്.
ചിന്നറിലെ ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത കാർഷിക വിളകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി ആരംഭിച്ച “പുനർജീവനം” പദ്ധതി 3 വർഷം പിന്നിടുന്നു. മൂന്നാം ഘട്ടത്തിൽ 37 ഇനം കാർഷിക വിളകളുടെ വിത്തിടൽ കർമ്മം തായണ്ണൻ കുടിയിൽ ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ, പ്രഭു പി എം ഉത്ഘാടനം നിർവഹിച്ചു. ചിന്നാർ ഫോറസ്റ്റർ ശ്രീ രാജി, ബീറ് ഫോറസ്റ് ഓഫിസറായ ആൽബിൻ തോമസ്, തായണ്ണൻ കുടി edc ഭാരവാഹികൾ,കുടി നിവാസികൾ തുടങ്ങിയവർ വിത്തിടൽ ജോലികളിൽ പങ്കെടുത്തു.
കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനഫലമായി 18 ഇനം റാഗിയും 15 ഇനം ബീൻസും,4 ഇനം തിന വർങ്ങളും, 3 ഇനം ചോളവും തുടങ്ങി ചീര, മത്തൻ, മല്ലി തുടങ്ങിയവയിൽ ഉള്ള പരമ്പരാഗത ഇനങ്ങളും സംരക്ഷിക്കപ്പെട്ടു. തുടർന്ന് ഈ വർഷം ഇവയുടെ കൂടുതലുള്ള ഉത്പാദനമാണ് പദ്ധതി ലക്‌ഷ്യം വക്കുന്നത്. അപൂർവ്വമായതും, വീണ്ടെടുക്കാൻ ആവാത്തതുമായ അനേകം ഇത്തരം വിത്തിനങ്ങൾ കഴിഞ്ഞ വർഷം തന്നെ വിവിധ മുത്തുവാ കുടികളിൽ വിതരണം നടത്തിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ എല്ലാ തരം വിത്തിനങ്ങളും പരമാവധി ആദിവാസി കുടികളിൽ കൃഷിചെയ്യുവാനുള്ള ശ്രമമാണ് നടന്നു വരുന്നത്. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ ലഭിക്കുന്ന വിത്തിനങ്ങളുടെ പ്രദർശനവും വിലപ്പനയും ഉൾപ്പെടുത്തി ഒരു “എത്നിക് സീഡ് ഫെസ്റ്റിവൽ” ചിന്നാറിൽ സംഘടിപ്പിക്കും. 2016-17 വർഷത്തിൽ പരമ്പരാഗത വിളകളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ട് ” പുനർജീവനം” പദ്ധതി മുൻനിർത്തി കേരളത്തിലെ ഏറ്റവും നല്ല ആദിവാസി കൊളനിക്കുള്ള സംസ്ഥാന കാർഷിക അവാർഡ് തായണ്ണൻ കുടിക്കു ലഭിക്കുകയുണ്ടായി.